ഭര്‍തൃ ഗൃഹത്തിലെ പീഡനം, അഴിയൂർ സ്വദേശി റിസ്വാനയുടെ ദുരൂഹ മരണത്തിൽ ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റിൽ


കോഴിക്കോട്: ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശി റിസ്വാനയുടെ ദുരൂഹ മരണത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് റിസ്വാനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിരന്തരമായി മാനസിക-ശാരീരിക പീഡനത്തിന് റിസ്വാന ഇരയായിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. കുടുംബത്തിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും രണ്ട് പേരുടെ അറസ്റ്റിലേക്കെത്തിയതും. ആത്മഹത്യാ പ്രേരണ, സ്ത്രീകൾക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ ഭര്‍ത്താവിനും പിതാവിനുമൊപ്പം ഭര്‍ത്താവിന്റെ സഹോദരിയേയും അമ്മയെയും പ്രതി ചേര്‍ത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
റിസ്‌വാന കൂട്ടുകാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് പെൺകുട്ടി കൂട്ടുകാരുമായുള്ള ചാറ്റുകളിൽ വ്യക്തമാക്കിയിരുന്നു. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാന്‍, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്‌വാന കൂട്ടുകാരിക്ക് അയച്ച ഒരു മെസേജ്. സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെ എന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ 'വിടണില്ല' എന്നായിരുന്നു മറുപടി. ഭര്‍ത്താവായ ഷംനാസിനോട് കാര്യങ്ങള്‍ പറയൂവെന്ന് കൂട്ടുകാരി പറയുമ്പോൾ അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാന്‍ എത്രയായാലും പുറത്താ' എന്നായിരുന്നു റിസ്വാനയുടെ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ടെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റുണ്ടായത്.

Post a Comment

Previous Post Next Post