കേന്ദ്രപദ്ധതിയെന്ന പേരിൽ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ കമ്പനി സിഇഒ അറസ്റ്റിൽ


പനമരം:വയനാട്ടിലും മലബാറിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതിയെന്ന പേരിൽ കർഷകരിൽ നിന്നും വൻതുക ഓഹരി സമാഹരിച്ച് വഞ്ചിച്ച പരാതിയിൽ പി.ടി.ചാക്കോ മെമ്മോറിയൽ കിസാൻ മിത്ര കമ്പനി സിഇഒ കോഴിക്കോട് ഓമശ്ശേരി കാഞ്ഞിരത്തിങ്കൽ മനോജ് ചെറിയാൻ (46) അറസ്റ്റിൽ. കമ്പനിയുടെ എംഡി പാലാ സ്വദേശി ഡിജോ കാപ്പൻ ഉൾപ്പെടെ 5 പേരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊച്ചി കടവന്ത്രയിൽ ഹെഡ് ഓഫിസുള്ള കമ്പനി കേണിച്ചിറയിൽ ബ്രാഞ്ച് ഓഫിസ് തുറക്കുകയും കർഷകരിൽ നിന്നും മറ്റും 1000 രൂപയുടെ ഓഹരിയെടുപ്പിച്ച് തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി. കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണെന്നും നബാർഡിന്റെ മേൽനോട്ടത്തിലാണ് നടത്തിപ്പെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിക്ഷേപമുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുമെന്നും അവരുടെ ഉൽപന്നങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം നൽകിയിരുന്നു.

1000 മുതൽ ലക്ഷങ്ങൾ വരെ പലരും നിക്ഷേപിച്ചിരുന്നു. വാഗ്ദാനങ്ങൾ നടപ്പാക്കാതെ വന്നതോടെ ഓഹരി എടുത്തവർ കഴിഞ്ഞ നവംബറിൽ കേണിച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മീനങ്ങാടി, അമ്പലവയൽ, തലപ്പുഴ എന്നിവിടങ്ങളിലും ജില്ലയ്ക്ക് പുറത്തും ഇവരുടെ പേരിൽ കേസുകളുണ്ട്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലും കമ്പനിയുടെ പേരിൽ കർഷകരിൽ നിന്നും ജീവനക്കാരിൽ നിന്നും പണം പിരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post