യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌; ബസിൽ പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക



താമരശ്ശേരി: ബസിൽവെച്ച് ആഭരണവും പണവും എന്തിന് മൊബൈൽ ഫോൺ പോലും അപഹരിക്കപ്പെട്ടെന്ന യാഥാർഥ്യം സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ മാത്രമാണ് പലരും തിരിച്ചറിയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി താമരശ്ശേരി ഉൾപ്പെടെയുള്ള മലയോരമേഖലയിലെ അവസ്ഥയാണിത്. ഏതാനുംദിവസങ്ങളായി അടിവാരം, താമരശ്ശേരി ഭാഗങ്ങളിലേക്ക് ബസിൽക്കയറുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ആധിയോടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ബസിൽക്കയറി സ്റ്റോപ്പിലിറങ്ങുമ്പോൾ മാത്രമാണ് പലരും വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. ഇതിൽ ഏറ്റവുമൊടുവിലത്തെ ഇര തിങ്കളാഴ്ചരാവിലെ അടിവാരം-താമരശ്ശേരി റൂട്ടിലെ ഒരു സ്വകാര്യബസിൽ യാത്രചെയ്ത കോടഞ്ചേരി കണ്ണോത്ത് ശോശാമ്മ എന്ന വീട്ടമ്മയാണ്. കൈതപ്പൊയിലിൽനിന്ന് ബസ് കയറി ഒമ്പതുമണിയോടെ ചുങ്കത്തിനുസമീപം ഇറങ്ങിയപ്പോഴാണ് മൂന്നരപ്പവൻ സ്വർണമാല കാണാനില്ലെന്നകാര്യം അറിഞ്ഞത്. സ്വർണം നഷ്ടമായതറിഞ്ഞ് വിലപിച്ച ഇവരെ ഒരു ഓട്ടോഡ്രൈവറാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പരാതി നൽകാനായി എത്തിച്ചത്.

പിന്നിൽ നാടോടിസംഘങ്ങളെന്ന് നിഗമനം

ബസുകളിലെ മോഷണത്തിന് കൂടുതലും സ്ത്രീകളാണ് ഇരകളാവുന്നതെന്നതിനാൽ മോഷ്ടാക്കൾ നാടോടി സ്ത്രീസംഘങ്ങളാണെന്നതാണ് പ്രാഥമികനിഗമനം. മോഷണമുതൽ വളരെ പെട്ടെന്നുതന്നെ കൈമാറുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതിനാൽ ഇവരിൽനിന്ന് തൊണ്ടിമുതൽ കണ്ടെടുക്കാനും പ്രയാസമാണ്. ചോദ്യംചെയ്യാനായി സ്റ്റേഷനിലെത്തിച്ചാൽ ഇവർ അക്രമവാസന പ്രകടിപ്പിക്കുകയും, ലോക്കപ്പിനകത്ത് പരസ്യമായി മലമൂത്രവിസർജനംവരെ നടത്തുകയുംചെയ്യുന്ന പ്രകൃതക്കാരായതിനാൽ വയ്യാവേലി ഏറ്റെടുക്കാൻ സ്റ്റേഷനുകളിലെ പോലീസുകാർക്കും വലിയ താത്‌പര്യമുണ്ടാവാറില്ല. മാലമോഷണങ്ങളിലും ബസിലെ പോക്കറ്റടികളിലുമെല്ലാം നിയമനടപടി കേവലം എഫ്.ഐ.ആർ. രജിസ്‌ട്രേഷനിൽ മാത്രമൊതുങ്ങുന്ന സാഹചര്യമാണ്. അതിനാൽത്തന്നെ പരാതി ബോധിപ്പിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് പലരും പോലീസ് സ്റ്റേഷനുകളിലെത്താറുമില്ല.

തുടർക്കഥയാവുന്ന മോഷണങ്ങൾ

ഇക്കഴിഞ്ഞ 11-ാം തീയതിയാണ് താമരശ്ശേരിയിൽനിന്ന്‌ അടിവാരത്തേക്കുള്ള സ്വകാര്യബസിൽ യാത്രചെയ്യുകയായിരുന്ന ഒരു വീട്ടമ്മയുടെ ആഭരണവും മറ്റൊരു സ്ത്രീയുടെ മൊബൈലും കളവു പോയത്. താമരശ്ശേരിയിലെ ഒരു ജൂവലറിയിൽനിന്ന് മടങ്ങുമ്പോഴാണ് ചുങ്കം സ്വദേശിനിയുടെ ഒന്നേകാൽപ്പവന്റെ മാല, പഴ്‌സ് ഉൾപ്പെടെ മോഷ്ടിച്ചത്. കുറഞ്ഞ ദൂരത്തിനിടെയാണ് വാനിറ്റിബാഗ് തുറന്ന് അകത്തുണ്ടായിരുന്ന പഴ്‌സ് മോഷ്ടാവ് വിദഗ്ധമായി കൈക്കലാക്കിയത്. ബാഗ് തുറന്നുകിടക്കുന്നതുകണ്ട് നോക്കിയപ്പോൾ മാത്രമാണ് മോഷണവിവരം അറിഞ്ഞത്. ഇക്കാര്യം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനെത്തിയ വീട്ടമ്മ കണ്ടത്, മൊബൈൽഫോൺ അപഹരിക്കപ്പെട്ടതിന് പരാതി നൽകാനെത്തിയ അതേ ബസിലെ മറ്റൊരു യാത്രക്കാരിയെയാണ്.


Post a Comment

Previous Post Next Post