പെരുവണ്ണാമൂഴി ഡാം ടൂറിസം; എംഎൽഎയുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നു



പെരുവണ്ണാമൂഴി:പെരുവണ്ണാമൂഴി ഡാം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടിപി രാമകൃഷ്ണൻ എംഎൽഎയുടെയും കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നു. വികസന പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി അതിവേഗം പൂര്‍ത്തിയാക്കി നവംബർ ആദ്യത്തോടെ ഉദ്ഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കാൻ ധാരണയായി.

പദ്ധതിയുടെ വികസന പുരോഗതി യോഗം വിലയിരുത്തി. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയില്‍ നടപ്പാക്കുന്നത്. 2020 നവംബറിലാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.

ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല നിർവ്വഹിക്കാൻ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്സിക്യുട്ടിവ് എന്‍ജിനീയര്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമുഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും.

വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനാണ്. റവന്യു, ജലസേചന വകുപ്പുകളിൽ നിന്നായി പേരാമ്പ്ര മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വിട്ടുകിട്ടേണ്ട ഭൂമിയുടെ കൈമാറ്റ നടപടികൾ ത്വരിതപ്പെടുത്താൻ കലക്ടറോട് യോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ഡിടിപിസി സെക്രട്ടറി സി.പി.ബീന തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post