ഏഷ്യയിലെ ആദ്യ വനിതാ മാൾ എന്നേക്കുമായി പൂട്ടുന്നു; താഴ് വീഴുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ മഹിളാമാളിന്

കോഴിക്കോട്: ഏഷ്യയിലെ ആദ്യ വനിതാ മാൾ എന്നേക്കുമായി പൂട്ടുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് തുടങ്ങിയ മഹിളാമാളാണ് നടത്തിപ്പുകാരും സംരംഭകരും തമ്മിലുള്ള വാടക തർക്കത്തിൽ കുരുങ്ങി പൂട്ട് വീഴുന്നത്.

സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മഹിളാമാളാണ് ഒന്നര വർഷം പോലും പ്രവർത്തിക്കാതെ പൂട്ടുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ സംരംഭകർ നടത്തിപ്പുകാർക്ക് നൽകിയ വാടക മുടങ്ങി. ഇതോടെ നടത്തിപ്പുകാരായ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പും വനിതാ സംരംഭകരും തമ്മിൽ തർക്കമായി. മാസങ്ങളോളം മാൾ അടഞ്ഞു കിടന്നു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മാളിനകത്ത് കിടന്ന് നശിച്ചു. വാടക ലഭിക്കാതായതോടെ നടത്തിപ്പുകാരുടെ വായ്പാ തിരിച്ചടവും മുടങ്ങി.

ചർച്ച നടത്തി ആദ്യ ലോക്ക് ഡൗണിന് ശേഷം മാൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല. ഈ മാസം അവസാനത്തോടെ കെട്ടിട ഉടമയുമായി നടത്തിപ്പുകാർ ഉണ്ടാക്കിയ കരാറും അവസാനിക്കുകയാണ്. ഇതോടെ മാളിന് എന്നേക്കുമായി പൂട്ട് വീഴും.

വായ്പയെടുത്ത് നിക്ഷേപം നടത്തിയ സംരംഭകരും പദ്ധതി നടത്തിപ്പുകാരും മാത്രമല്ല, വാടക ലഭിക്കാത്തതിനാൽ കെട്ടിട ഉടമയും പ്രതിസന്ധിയിലായി. സംരംഭത്തിന് ചുക്കാൻ പിടിച്ച കുടുംബശ്രീ മിഷനും കോർപ്പറേഷനും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന വിമർശനവുമുണ്ട്.

Post a Comment

Previous Post Next Post