ടാഗോർഹാൾ ഉൾപ്പെടെ ആറുകെട്ടിടം പൊളിച്ചുപണിയും



കോഴിക്കോട് : ടാഗോർഹാളുൾപ്പെടെ കോർപ്പറേഷന്റെ ആറുകെട്ടിടങ്ങൾ പൊളിച്ചുപണിയാനും അതിനുള്ള വിശദപദ്ധതിരേഖ തയ്യാറാക്കാനും കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. പൊളിക്കാനുള്ള മെഡിക്കൽ കോളേജ് വേണാട് ബിൽഡിങ് നല്ല സ്ഥിതിയിലാണുള്ളതെന്ന അജൻഡയിലെ പരാമർശം ഉദ്യോഗസ്ഥർ മനഃപൂർവം എഴുതിയതാണെന്ന വിമർശനവും ഉയർന്നു. അതിന് എൻജിനിയറിങ് വിഭാഗം നൽകിയ മറുപടി തൃപ്തികരമല്ലെന്നും പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
അരീക്കാട് കെട്ടിടം, നടക്കാവ് കെട്ടിടം, പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം, കാരപ്പറമ്പ് കെട്ടിടം എന്നിവയാണ് പൊളിക്കുന്ന മറ്റുള്ളവ. ടാഗോർ ഹാളിന്റെ സ്ഥലം പകുതിയോളം തീരപരിപാലനനിയമപരിധിയിൽ വരുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. അതുകൂടി പരിഗണിച്ചാണ് ഡി.പി.ആർ. തയ്യാറാക്കേണ്ടത്.

വേണാട് കെട്ടിടത്തിൽ 34 മുറികളാണുള്ളത്. ഒരു വർഷം ആകെ വാടകലഭിക്കുന്നത് 6.51 ലക്ഷം രൂപയാണ്. മാസ്റ്റർപ്ലാൻപ്രകാരം കെട്ടിടത്തിന് പിന്നിലാണ് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ വിഭാവനംചെയ്തിട്ടുള്ളത്. 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം നല്ല അവസ്ഥയിലാണെന്നും അജൻഡയിൽ ചേർത്തു. ഇതാണ് ഭരണ-പ്രതിപക്ഷഭാഗത്തുനിന്ന് വിമർശനമുണ്ടാക്കിയത്.


പി.കെ. നാസർ, എൻ.സി. മോയിൻകുട്ടി, ഒ. സദാശിവൻ, ഇ.എം. സോമൻ, എസ്.കെ. അബൂബക്കർ തുടങ്ങിയവരെല്ലാം പ്രശ്നമുന്നയിച്ചു. അതേസമയം 1500-ഓളം കടമുറികൾ കോർപ്പറേഷനുണ്ടെന്നും അതിൽ മൂന്നിലൊന്നും ലൈസൻസെടുത്തവർ മറിച്ചുനൽകുകയാണെന്നും കെ. മൊയ്തീൻകോയ ചൂണ്ടിക്കാട്ടി. അജൻഡയുമായി ബന്ധപ്പെട്ട് ദുരുദ്ദേശ്യമില്ലെന്ന് എൻജിനിയറിങ് വിഭാഗം വിശദീകരിച്ചു.

Post a Comment

Previous Post Next Post