ചാത്തമംഗലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; പുതുക്കി പണിയുമോ..?



കുന്ദമംഗലം: യാത്രക്കാർക്കും യാത്രക്കാർക്കും ചോദിക്കാനുള്ളത് ഒന്നുമാത്രം ഈ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നാണ് പൊളിച്ചുമാറ്റുക..? അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് ചാത്തമംഗലം അങ്ങാടിയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്. ഏത് നിമിഷവും നിലം പൊത്താറായ ഈ കെട്ടിടത്തിന്റെ ഓരുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. 
എന്നിരുന്നാലും മഴയത്ത് ഇപ്പോഴും ജീവൻ പണയം വെച്ച് യാത്രക്കാർ ഇതിനകത്ത് ഇരിക്കാറുണ്ട്. മഴയത്തും വെയിലത്തും ബസ് കാത്ത് നിൽക്കാൻ മറ്റൊരിടമില്ല ഇവിടുത്തുകാർക്ക്. അധികൃതരുടെ കണ്ണ് തുറക്കണമെങ്കിൽ ഒരു ദുരന്തത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. പലസമയത്തായി കെട്ടിടം അറ്റകുറ്റ പണികൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ വർഷങ്ങളായി അധികൃതരാരും ഈ കെട്ടിടത്തെ ഗൗനിക്കാറില്ല. 

മുക്കം റോഡ് നവീകരിച്ച സമയത്ത് അങ്ങാടിയിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ഇപ്പോൾ ചാത്തമംഗലം അങ്ങാടിക്ക് ഒരു കളങ്കമായി മാറിയിരിക്കയാണ് ഈ ബസ് സ്റ്റോപ്പ്. മനസ്സ് വെച്ചാൽ പൊതുമരാമത്ത് വകുപ്പിന് പഴയത് പൊളിച്ച് നീക്കി ഒരു പുതിയ ബസ് സ്റ്റോപ്പ് പണിയാവുന്നതേയുള്ളു. ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ എൻ.ഐ.ടിയും , എം.വി.ആർ ആശുപത്രിയുമൊക്കെ ഒരു വിളിപ്പാടകലെയാണ്. കോടികൾ മുടക്കി ചാത്തമംഗലം പാലക്കാടി റോഡും തുടങ്ങുന്നത് ഈ പൊളിഞ്ഞ ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ്. എന്ത് തന്നെ ആയാലും ചാത്തമംഗലത്തിന്റെ കണ്ണിലെ കരടാണ് ഈ കെട്ടിടം.

Post a Comment

Previous Post Next Post