സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കോഴിക്കോട്ട് മൂന്നംഗസംഘം പിടിയിൽ
കോഴിക്കോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂർ പോലീസ് പിടികൂടി. പാലക്കാട്‌ പട്ടിത്തറ തലക്കശ്ശേരി തേൻകുളം വീട്ടിൽ അബുതാഹിർ(29), തലക്കശ്ശേരി മലയൻ ചാത്ത് ഷമീം(30) തലക്കശ്ശേരി തുറക്കൽ വീട്ടിൽ ഷബീർ (36)എന്നിവരെയാണ് ഇന്ന് പുലർച്ചെ പാലക്കാട്‌ പടിഞ്ഞാറങ്ങാടി വെച്ച് കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കക്കൂർ പോലീസും ചേർന്ന് പിടികൂടിയത്.
ജനുവരി 28.ന് യുഎഇയിൽ നിന്നും സ്വർണ്ണവുമായി മുംബൈ എയർപോർട്ടിൽ ഇറങ്ങിയ കോഴിക്കോട് എടക്കര സ്വദേശിയായ യുവാവ് സ്വർണ്ണം എയർപോർട്ടിൽ കാത്തുനിന്ന യഥാർത്ഥ ഉടമസ്ഥന് നൽകാതെ പുറത്തു കടന്നതായി മനസിലാക്കിയ സ്വർണ്ണക്കടത്തു സംഘം യുവാവിനെ തിരഞ്ഞെങ്കിലും, ഇയാൾ നാട്ടിൽ വരാതെ ഒളിച്ചു കഴിയുകയും സംഘത്തിന്റെ ഭീഷണി ഭയന്ന് പിന്നീട് ബഹ്‌റിനിലേക്ക് കടക്കുകയും ചെയ്തു. പിന്നീട് ഏപ്രിൽ മാസം നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ പല തവണ സ്വർണ്ണക്കടത്തു സംഘം വന്നെങ്കിലും മുംബൈ എയർപോർട്ടിൽ വെച്ച് സ്വർണ്ണം ആരോ വാങ്ങിക്കൊണ്ടു പോയതായി യുവാവ് അവരോട് പറഞ്ഞു. പല സംഘങ്ങളും യുവാവിന്റെ വീട്ടിൽ വന്ന് നിരന്തരം സ്വർണ്ണത്തിന് വേണ്ടി സംസാരിച്ചിരുന്നു.

തുടർന്ന് സ്വർണ്ണക്കടത്തു സംഘത്തിനു വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ ഏപ്രിൽ 28 ന് വീട്ടിൽ നിന്നും കടയിലേക്ക് പോകാനിറങ്ങിയ യുവാവിനെ മർദ്ദിച്ച് പ്രതികൾ വന്ന സ്വിഫ്റ്റ് കാറിൽ പിടിച്ചു കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും യുവാവ് അടുത്തുള്ള വീട്ടിലേക്കു ഓടിരക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും പ്രതികൾ കൈക്കലാക്കിയിരുന്നു.


തുടർന്ന് യുവാവിന്റെ പരാതിപ്രകാരം കേസെടുത്ത പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രതികൾ വന്ന കാറിന്റെ വിവരങ്ങൾ ശേഖരിച്ചു സ്വർണ്ണക്കടത്തു സംഘത്തെ കുറിച്ചും ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പ്രതികൾക്ക് തൃശൂർ,പാലക്കാട്‌ ജില്ലകളിലെ ക്വട്ടേഷൻ സംഘവുമായും ബന്ധമുണ്ട്. കേസിലുൾപെട്ട മറ്റൊരു പ്രതി വിദേശത്താണ്. പ്രതികൾ തട്ടിയെടുത്ത സ്കൂട്ടറും, മൊബൈൽ ഫോണും കുറ്റിപ്പുറത്തുള്ള സഹായിയുടെ കൈവശം ഒളിപ്പിച്ചതായി പ്രതികൾ പറഞ്ഞു.

പ്രതികളെ കോഴിക്കോട് ജെ.എഫ്.സി.എം-3. കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് റൂറൽ എസ്പി ആർ കറുപ്പസാമി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കാക്കൂർ ഇൻസ്‌പെക്ടർ സനൽരാജ്.എം,എസ്.ഐ.അബ്ദുൾ സലാം. എം,ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ്‌ ബാബു, സുരേഷ്.വി.കെ, ബിജു.പി,കാക്കൂർ സ്റ്റേഷനിലെ എ എസ്.ഐ.മാരായ സുരേഷ് കുമാർ. ടി,സുജാത്. എസ്,സിപിഒ മാരായ രാംജിത്,ചിത്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post