നട്ടുച്ചയ്ക്ക് കമ്മത്തി ലെയ്നിലെ സ്വർണ്ണക്കടയിലെ കവർച്ച: നാലംഗ സംഘം അറസ്റ്റിൽകോഴിക്കോട്: കോഴിക്കോട് കമ്മത്തി ലെയ്നിലെ സ്വർണ്ണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്ക് കവർച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടി. മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സർഫാസ്, പറമ്പിൽ ബസാർ സ്വദേശികളായ സുബീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. സ്വർണക്കടയിലെ സ്റ്റാഫ്‌ പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടർ തുറന്ന് കടന്ന് കടയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്തത്.
രണ്ടുമാസം മുമ്പ് കടയുടമയുടെ വിശ്വസ്തനായി നടിച്ച് അദ്ദേഹത്തെ താക്കോൽ നഷ്ടപ്പെട്ടെന്ന് വിശ്വസിപ്പിച്ചാണ് മോഷണത്തിന്റെ ആസൂത്രണത്തിന്റെ തുടക്കം. തുടർന്ന് സ്പെയർ കീയാണ് ഉപയോഗിച്ചിരുന്നത്. വിശ്വസ്തനായി നടിച്ച് സർഫാസ് കടയുടമ സ്വർണ്ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകൽ കവർച്ചയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. രാത്രി പൊലീസ് പരിശോധനയുണ്ടാകുന്നതിനാലാണ് സംഘം പകൽസമയം തെരഞ്ഞെടുത്തത്. സിസിടിവി ക്യാമറയിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ കമ്മത്തി ലെയ്നിലെ ഭൂരിഭാഗം ആളുകളും വെളുത്ത വസ്ത്രം ധരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്ന് മനസിലാക്കിയ സർഫാസ് കൂട്ടാളികൾക്ക് വിവരം കൈമാറിയിരുന്നു.

തുടർന്ന് കൂടുതൽ പണവും സ്വർണ്ണവും എത്തുന്നത് വരെ കാത്തിരിക്കാൻ സർഫാസ് സംഘാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഫോൺ ഉപയോഗിച്ചാൽ പൊലീസ് കണ്ടെടുത്തുമെന്നതിനാൽ പ്രത്യേക പദ്ധതിയും തയാറാക്കിയിരുന്നു. പ്രണവും സുബീഷും പോസ്റ്റൽ സർവ്വീസിൽ ജോലിയുള്ളവരാണെങ്കിലും പെട്ടെന്ന് പണക്കാരായി ആർഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള സ്വർണ്ണക്കടയിലെ സിസിടിവിയിൽ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം കേസിലെ വഴിത്തിരിവാകുകയിയിരുന്നു.


അതേകടയിൽ വന്ന് ഗ്യാരണ്ടി ആഭരണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കടക്കാരുടെ ശ്രദ്ധതിരിച്ച യുവാവിന്റെ ദൃശ്യങ്ങൾ സിറ്റി ക്രൈം സ്ക്വാഡ് വിശദമായ പരിശോധന നടത്തിയപ്പോൾ അത് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന സുബീഷ് ആണെന്ന് തിരിച്ചറിഞ്ഞു. പ്രണവിൻ്റെ കാർ മോഷണം നടന്ന ദിവസം രാവിലെ മുതൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത് കടയുടെ എതിർവശത്തെ സ്വർണ്ണക്കടയിലെ ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ മറച്ചു പിടിച്ചു. ക്യാമറകൾ അധികമില്ലാത്ത വഴി തെരഞ്ഞെടുത്തതും വസ്ത്രധാരണത്തിലെ പ്രത്യേകതയും ഡിവിആർ അഴിച്ചെടുത്ത രീതിയും വിശകലനം ചെയ്തതോടെ സിറ്റി ക്രൈം സ്ക്വാഡിന് പ്രതിയിലേക്ക് അധികം ദൂരമില്ലെന്ന് വ്യക്തമായി. തുടർന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയമായ അന്വേഷണത്തിൽ കവർച്ചയുടെ ചുരുളഴിയുകയായിരുന്നു.

കടയുടമയുടെ വിശ്വസ്തനായി നടിച്ച് കവർച്ച ആസൂത്രണം ചെയ്ത് അതിവിദഗ്ധമായി നടപ്പിലാക്കിയെങ്കിലും പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ സർഫാസിന് അധികനേരം പിടിച്ച് നിൽക്കാനായിവ്വ. തുടർന്ന് കവർച്ചാ രീതി വിശദമാക്കി. സുബീഷും പ്രണവും അഖിലും സർഫാസും ഒരു മാസമായി പിടിക്കപ്പെടാതെ എങ്ങനെ കവർച്ച ചെയ്യാമെന്ന് ആസൂത്രണം നടത്തിവരികയായിരുന്നു. കമ്മത്തി ലെയ്നിൽ അധികമാർക്കും പരിചയമില്ലാത്ത അഖിലാണ് കടയിൽ കയറി മുൻ നിശ്ചയിച്ചതുപോലെ പറഞ്ഞ സ്ഥലത്തുള്ള സാധനങ്ങൾ മാത്രം മോഷ്ടിച്ച് വന്നവഴിയേ രക്ഷപ്പെട്ടത്.


പ്രതികളിൽ നിന്ന് നഷ്ടപ്പെട്ട മുതലുകൾ പൊലീസ് കണ്ടെടുത്തു. ടൗൺ എസ്ഐ ജയശ്രീയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടൗൺ എസ്ഐമാരായ വി അബ്ദുൽ സലാം, മുഹമ്മദ് സിയാദ്, എഎസ്ഐ മുഹമ്മദ് ഷബീർ, സീനിയർ സിപിഓമാരായ ഉദയകുമാർ, ബിനിൽ കുമാർ, സജേഷ് കുമാർ, ജിതേന്ദ്രൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, ഇ മനോജ്, എ പ്രശാന്ത് കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post