നീണ്ട അടച്ചിടലിനുശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു


കോഴിക്കോട്: ഇനി മാനാഞ്ചിറ മൈതാനത്ത് കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാം, കുട്ടികൾക്ക് കളിച്ചുനടക്കാം. മാസങ്ങൾനീണ്ട അടച്ചിടലിനുശേഷം മൈതാനം തുറന്നു. കോവിഡ് ഇളവുകൾവന്ന് ബീച്ച് ഉൾപ്പെടെ തുറന്നപ്പോഴും മാനാഞ്ചിറ മൈതാനം അടഞ്ഞുകിടക്കുകയായിരുന്നു.

നവീകരിച്ചശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും കോവിഡ് കാരണം വീണ്ടും അടച്ചിടുകയായിരുന്നു. അതേസമയം പ്രഭാതസവാരിക്കാർക്ക് നേരത്തെതന്നെ തുറന്നുകൊടുത്തിരുന്നു.ശനിയാഴ്ചമുതൽ സാധാരണരീതിയിൽ മൈതാനം തുറക്കാൻ തുടങ്ങി. പ്രധാനകവാടത്തിനുപുറമെ ബി.ഇ.എം. സ്കൂളിനു മുൻവശത്ത് പുതിയകവാടമുണ്ട്.

ഓപ്പൺ സ്റ്റേജ്, നടപ്പാത, ഇരിപ്പിടം, മഴകൊള്ളാതെ ഇരിക്കാനുള്ള ഇടം എന്നിവയെല്ലാം മാനാഞ്ചിറ മൈതാനത്തുണ്ട്. വ്യായാമത്തിനായി സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഓപ്പൺ ജിം ഉണ്ട്. ടോയ്‌ലറ്റ് ബ്ലോക്കും കഫ്റ്റീരിയയും ഇവിടെയുണ്ട്. ടോയ്‌ലറ്റ് ബ്ലോക്ക് സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരമാണ് തുറന്നുകൊടുക്കുക. ഇതിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.

അതേസമയം കഫ്റ്റീരിയയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അത് നീട്ടിക്കൊണ്ടുപോകുന്നതിൽ ആക്ഷേപമുണ്ട്. മൈതാനം തുറന്നതോടെ കുട്ടികളുൾപ്പെടെയുള്ള കുടുംബങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.


Post a Comment

Previous Post Next Post