കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു.


കോഴിക്കോട്: ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു.
സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും.


ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post