കരിപ്പൂ‍ർ വിമാനാപകടത്തിന് 2 വയസ്, അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ



കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടമായ കരിപ്പൂര്‍ ദുരന്തത്തിന് ഇന്ന് രണ്ടാം വാര്‍ഷികം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 പേരുമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നത്തെ നടുക്കുന്ന അനുഭവങ്ങളുടെ ഓ‍‌‍ർമ രക്ഷപ്പെട്ടവരുടേയും രക്ഷാ പ്രവ‍ത്തകരുടേയും മനസിലിപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്.
കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരിലൊരാളാണ് കോഴിക്കോട് പടനിലം സ്വദേശി അമീന. അപകടത്തില്‍ ഭര്‍ത്താവ് ഷറഫുദ്ദീന് ജീവന്‍ നഷ്ടപ്പെട്ടു.മകള്‍ക്കും അമീനക്കും ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്ന അമീനക്ക് കരിപ്പൂര്‍ വിമാനാപകടം ജീവിതത്തില്‍ എന്നും നടുക്കുന്ന ഓര്‍മ്മയാണ്

കരിപ്പൂ‍ർ വിമാനാപകടം: അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല

അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന പരാതിയിലാണ് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും. നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നാണ് ഇവരുടെ പരാതി. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക കിട്ടണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണിവര്‍.


വിമാനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതാണ് മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപനം. ഇന്ത്യ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ തീരുമാന പ്രകാരം നഷ്ടപരിഹാരത്തുക നിശ്ചിയിച്ചിട്ടുണ്ട്. ഇതു പ്രകാരം അപകടത്തില്‍പ്പെടുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നിലവില്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ട്.

പരിക്ക്,വയസ്സ്,വരുമാനം, അംഗവൈകല്യം തുടങ്ങിയവ പരിഗണിച്ചാണ് നിലവില്‍ നഷ്ടപരിഹാരത്തുക നല്‍കിയിരിക്കുന്നത്.അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലരും ഇപ്പോള്‍ നിത്യ വൃത്തിക്ക് ബുദ്ധിമുട്ടുന്നുണ്ട്. പരിക്കേറ്റവരില്‍ മിക്കവരും ചികിത്സ തുടരുന്നവരുമാണ്. അതിനാല്‍ നിലവില്‍ കിട്ടിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നാണ് ഇവരുടെ പരാതി.158 പേര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം സ്വീകരിച്ചതായാണ് കണക്ക്.രണ്ട് പേര്‍ക്ക് സഹായം കിട്ടിയിട്ടില്ല.

അതിനിടെ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ക്ക് രക്ഷപ്പെട്ടവരുടെ സ്നേഹോപഹാരം. വിമാനത്താവളത്തിന് സമീപമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാനുള്ള തുകയുടെ ധാരണാപത്രം ഇന്ന് കൈമാറും. മലബാര്‍ ഡവലപ്പ്മെന്റ് ഫോറം വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടം നിര്‍മ്മിക്കുക. നഷ്ടപരിഹാരത്തില്‍ നിന്നാണ് ആശുപത്രിക്കെട്ടിടം നിര്‍മ്മിക്കാനുള്ള തുക രക്ഷപ്പെട്ടവര്‍ കണ്ടെത്തിയത്


വ്യോമയാന രംഗത്തെ മാറ്റങ്ങൾ നിർദേശിച്ച റിപ്പോ‍ർട്ട് നടപ്പായില്ല,തൊഴിൽക്രമീകരണവും പ്രഖ്യാപനത്തിലൊതുങ്ങി

കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം പൂർത്തിയാകുമ്പോള്‍ വ്യോമയാനരംഗത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പലതും നടപ്പായില്ല.അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നിർദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന വ്യോമയാന മന്ത്രിയുടെ പ്രഖ്യാപനവും പാതിവഴിയിവാണ്. വിമാനകമ്പനികൾ നടപ്പാക്കേണ്ട ശുപാർശകൾ പലതും ഫയലിൽ ഉറങ്ങുകയാണ്.

‌കരിപ്പൂർ അപകട റിപ്പോർട്ട് പുറത്ത് വിട്ടുന്നതിന് മുന്നോടിയായി നടത്തിയ വാാര്‍ത്ത സമ്മേളനത്തിലാണ് ശുപാര്‍ശകള്‍ അതിവേഗം നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചത്. 281 പേജുള്ള റിപ്പോർട്ടിലുള്ളത് 43 സുരക്ഷാ നിർദേശങ്ങള്‍. കാറ്റിന്‍റെ വേഗത നിർണയിക്കാനുള്ള ഉപകരണം സ്ഥാപിക്കല്‍, അപകടം സംഭവിച്ചാലുണ്ടാകേണ്ട അടിയന്തര ഇടപെടലിനായി വിദഗ്ധ സംഘം, വിമാന കമ്പനി ജീവനക്കാരുടെ തൊഴില്‍ സമയ ക്രമീകരണം അടക്കമുള്ള നിര്‍ദേശങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കാനായിരന്നു നി‍ദേശം. എന്നാല്‍ വര്‍ഷം രണ്ടായിട്ടും റൺവേയുടെ നീളത്തിൽ ചുറ്റപ്പറ്റി മാത്രമാണ് ഇപ്പോഴും ചർച്ച.


അപകടത്തിന്റെ പ്രധാനകാരണം പൈലറ്റിന്റെ പിഴവെന്നതായിരുന്നു അന്വേഷണ റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. ദുബായ് കരിപ്പൂര്‍ ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ കരിപ്പൂരില്‍ നിന്ന് ദോഹക്ക് പറക്കണമെന്ന സന്ദേശം പ്രധാന പൈലറ്റായ വിക്രം സാത്തിനെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്ന് പരാമർശമുണ്ടായിരുന്നു. വിമാനജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിലടക്കം മാറ്റം വേണമെന്നും, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം കുറയക്കാന്‍ പരിശീലന പരിപാടികളടക്കം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റിപ്പോർട്ട് പകൽ വെളിച്ചത്തിൽ നിൽക്കുമ്പോഴും നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിമാന കമ്പനികളോ അക്കാര്യം ഉറപ്പ് വരുത്താന്‍ വ്യോമയാന മന്ത്രാലയമോ മെനക്കെടുന്നില്ല.

രാജ്യത്ത് പല കമ്പനികളുടെയും വിമാനങ്ങൾ സാങ്കേതിക പ്രശ്നങൾ കാരണം അപകടത്തിൽ പെടുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നു. സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ സ്പൈസ് ജെറ്റിന്റെ പകുതി സർവീസുകൾ ഡി ജി സി എ റദ്ദാക്കിയതും ഈ റിപ്പോർട്ടിനോട് ചേർത്തിവായിച്ചാല്‍ അലംഭാവം വ്യക്തമാകും.

Post a Comment

Previous Post Next Post