ട്രെയിനിന് പടക്കമെറിഞ്ഞു; വീണ്ടും പടക്കവുമായി സ്റ്റേഷനിൽ എത്തി; കോഴിക്കോട് 2 കുട്ടികൾ പൊലീസ് പിടിയിലായി



കോഴിക്കോട്: വെള്ളയില്‍ റെയില്‍ വേ സ്റ്റേഷനു സമീപത്ത് വെച്ച് മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടു കുട്ടികള്‍ പിടിയില്‍. വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. തങ്ങള്‍ റോഡ് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പിടിയിലായത്. ഇവരെ റയില്‍ വേ സംരക്ഷണ സേന പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഓഗസ്റ്റ് 13 ന് രാത്രിയാണ് സംഭവം. മാവേലി എക്സ്പ്രസിന് നേരെ എറിഞ്ഞ പടക്കം യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് വീണ് പൊട്ടി. യാത്രക്കാരൻ വാതിലിന് സമീപത്താണ് ഇരുന്നിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ ട്രെയിനിൽ എത്തിയപ്പോൾ യാത്രക്കാരൻ ആർ പി എഫിനെ കണ്ട് വിവരം പറഞ്ഞു. ഇതിന് പിന്നാലെ ആർ പി എഫ് ഈ മേഖലയിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കേന്ദ്ര സഹമന്ത്രി വി മുരളീധരനും സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും ഈ ട്രെയിനിൽ യാത്ര ചെയ്യാനുണ്ടായിരുന്നു. ഇതോടെയാണ് സംഭവം വിശദമായി അന്വേഷിക്കാൻ സുരക്ഷാ ഏജൻസികൾ തീരുമാനിച്ചത്. വെള്ളയിൽ പൊലീസ് റെയിൽവേ സ്റ്റേഷന് സമീപം തിരച്ചിൽ നടത്തി. വിഷയം ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്.

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സ്ഥലത്ത് ഇന്നലെ വീണ്ടും പൊലീസ് തിരച്ചിൽ നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികളിലേക്ക് എത്താനാകുമോയെന്നായിരുന്നു പൊലീസിന്റെ ശ്രമം. ഈ ഘട്ടത്തിലാണ് സംശയാസ്പദമായി മൂന്ന് കുട്ടികളെ കണ്ടത്. സന്ധ്യാ സമയത്ത് റെയിൽവെ ട്രാക്കിന് സമീപത്തായിരുന്നു ഇവരുണ്ടായിരുന്നത്.


പൊലീസിനെ കണ്ട കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മൂന്നംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റെയിൽവെ സംരക്ഷണ സേനയ്ക്ക് കൈമാറി. കുട്ടികളുടെ കൈയ്യിൽ പടക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ട്രെയിനിന് നേരെ പടക്കം എറിയാനാണ് ഇന്നലെയും കുട്ടികൾ ഇവിടെയെത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഒരു കൗതുകത്തിന് വേണ്ടിയാണ് തങ്ങളിത് ചെയ്തതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളെ ആർ പി എഫ് ചൈൽഡ് ലൈൻ കെയർ സെന്ററിലെത്തിച്ചു. ഇവിടെ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം താക്കീത് നൽകി രണ്ട് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

إرسال تعليق

أحدث أقدم