നാളെ മുതൽ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിയന്ത്രണംപേരാമ്പ്ര : നവീകരണജോലികൾ നടക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ ബസുകൾക്ക് ഓഗസ്റ്റ്‌ ഒന്നുമുതൽ കൂടുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ അവലോകനയോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കുറ്റ്യാടിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ എളമാരൻകുളങ്ങര അമ്പലനടയ്ക്ക് എതിർവശവും കുറ്റ്യാടിഭാഗത്തേക്ക് പോകുന്ന ബസുകൾ ബസ് സ്റ്റാൻഡിന് എതിർവശമുള്ള ബേക്കറിക്ക് മുന്നിലും നിർത്തണം.
ഓട്ടോകൾ ബസ് സ്റ്റാൻഡിന് മുന്നിലെ ലോമാസ്റ്റ് വിളക്കിന് സമീപം ഒരുവരിയായി നിർത്തണം. കള്ളുഷാപ്പ് റോഡ് വഴി മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ.

ചെമ്പ്ര റോഡ്, ഗോശാലക്കൽ റോഡ് എന്നിവിടങ്ങളിൽ സ്വകാര്യവാഹനം പാർക്ക് ചെയ്യരുത്.

വടകര, പെരുവണ്ണാമൂഴി, അരിക്കുളം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിന് മുന്നിൽ ആളെ ഇറക്കി ഇ.എം.എസ്. ആശുപത്രിക്ക് സമീപം പുതിയ ബൈപ്പാസിൽ പാർക്ക് ചെയ്യണം. സ്റ്റാൻഡിൽനിന്ന് പുറപ്പെടേണ്ട സമയമാകുമ്പോൾമാത്രമേ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. ഒാരോ ഭാഗത്തേക്കുമുള്ള ഒന്നുവീതം ബസുകൾ മാത്രമേ സ്റ്റാൻഡിൽ നിർത്തിയിടാൻ അനുവദിക്കൂവെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post