കരിഞ്ചോല ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് നാലുവയസ്സ്



താമരശ്ശേരി : ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പിനിടെ നിനച്ചിരിക്കാതെയെത്തി പതിന്നാലുപേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നോവാർന്ന ഓർമകൾക്ക് ഇന്നേക്ക് നാലുവയസ്സ് തികയുന്നു. 2018 ജൂൺ പതിന്നാലിന് പുലർച്ചെയായിരുന്നു കട്ടിപ്പാറ കരിഞ്ചോലയിൽ ഒരുവീട്ടിലെ എട്ടുകുടുംബാംഗങ്ങളെയും തൊട്ടടുത്ത രണ്ടുവീടുകളിലെ ആറുപേരെയും മണ്ണിൽ പുതച്ചും മലയടിവാരത്തെ വീടുകളെ തൂത്തെറിഞ്ഞും അരക്കിലോമീറ്ററോളം വരുന്ന ഭൂവിഭാഗത്തെ തുടച്ചുനീക്കിയും മലവെള്ളപ്പാച്ചിൽ കടന്നുപോയത്. 

ദുരന്തത്തിന് നാലാണ്ട് തികയുന്ന വേളയിലും കരിഞ്ചോല മേഖലയിലെ ജനങ്ങൾക്ക് ആശങ്കയൊഴിഞ്ഞ നേരമില്ല. ഉരുൾപൊട്ടൽ സാധ്യതയേറെയുള്ള, മഴ പതിവായി കനത്തുപെയ്യുന്ന കരിഞ്ചോലയിൽ ഓരോ വർഷകാലവും ചങ്കിടിപ്പോടെയാണ് ഇവിടുള്ളവർ കഴിയുന്നത്.


Read alsoഭൂമി ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു

കറുത്ത വ്യാഴാഴ്ച

ജൂൺ 14-ന് വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ചെറിയ മലയിടിച്ചിലിൽ ആഘാതം ഒതുങ്ങുമെന്ന കരുതി ആശ്വസിച്ച നാട്ടുകാരുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ടാണ് രണ്ടരമണിക്കൂറിനുശേഷം മലവെള്ളം രൗദ്രഭാവം പൂണ്ടെത്തിയത്. കരിഞ്ചോലമല ഹസ്സൻ, ഭാര്യ ആസ്യ, മകൻ മുഹമ്മദ് റാഷിയുടെ ഭാര്യ ഷംമ്‌ന, പേരമകൾ നിയ ഫാത്തിമ, മകൾ നുസ്രത്ത്, അവരുടെ മക്കളായ റിഫ മറിയ, റിൻഷ മഹറിൻ, ഇളയമകൾ ജന്നത്ത് എന്നീ എട്ടുപേരാണ് അന്നൊറ്റ രാത്രികൊണ്ട് ഓർമയായത്. അയൽപക്കത്തെ സലീം-ഷെറീന ദമ്പതിമാരുടെ മക്കളായ ദിൽന ഷറിൻ, മുഹമ്മദ് ഷഹബാസ് എന്നിവരും, സമീപത്ത് താമസിച്ചിരുന്ന ഉമ്മിണി അബ്ദുറഹ്മാൻ, ഭാര്യ നഫീസ, മകൻ ജാഫർ, ജാഫറിന്റെ മകൻ മുഹമ്മദ് ജസീം എന്നിവരും ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടു. നാലുദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിലാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായത്.


കരിഞ്ചോല രക്ഷാപ്രവർത്തനം (ഫയൽ ചിത്രം)

നാടൊരുക്കിയ കൈത്താങ്ങ്

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 56 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽതന്നെ വിതരണംചെയ്ത സർക്കാർ, വീടുകൾ പൂർണമായി തകർന്ന ഒമ്പതുകുടുംബങ്ങൾക്ക് വീട് നിർമിക്കാൻ പത്തുലക്ഷം രൂപ സഹായംനൽകി. കേരള മുസ്‌ലിം ജമാഅത്ത് പത്തുവീടുകളും, പീപ്പിൾസ് ഫൗണ്ടേഷൻ അഞ്ചുവീടുകളും, കനിവ് ഗ്രാമം സൗജന്യമായി നൽകിയ സ്ഥലത്ത് നാഷണൽ സർവീസ് സ്‌കീം രണ്ടുവീടുകളും കേരള സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഒരുവീടും നിർമിച്ചുനൽകി. പ്രകൃതിദുരന്തഭീഷണിയിൽ കഴിയുന്ന ഇരുപത് കുടുംബങ്ങൾക്ക് കരിഞ്ചോല പുനരധിവാസകമ്മിറ്റി നിർമിച്ചുനൽകിയ വീടുകൾ ഈ മാർച്ച് 26-ന് കൈമാറി. ഇരുൾകുന്നിൽ 35 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ എട്ടുസെന്റ് സ്ഥലത്താണ് ഒൺട്രപ്രണർ ഓർഗനൈസേഷൻ കേരളയുടെയും ജെ.കെ. സിമന്റ്‌സിന്റെയും സഹായത്തോടെ ‘ജെ.കെ. കോളനി’ എന്ന പേരിൽ ഭവനസഞ്ചയമൊരുക്കിയത്. അന്നേദിവസംതന്നെയായിരുന്നു വേണാടിയിലെ ഒരുകുടുംബത്തിന് എൻ.എസ്.എസ് വൊളന്റിയർമാർ ഒരുക്കിയ മൂന്നാമത്തെ സ്നേഹഭവനത്തിന്റെ സമർപ്പണവും.

Post a Comment

Previous Post Next Post