സാമൂഹ മാധ്യമം വഴി ഹണി ട്രാപ്പ് തട്ടിപ്പ്, യുവതി ഉൾപ്പടെ രണ്ടു കോഴിക്കോട്ടുകാർ പിടിയിൽ


കോഴിക്കോട്: സാമൂഹമാധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് പി എ എന്നിവരാണ് പിടിയിലായത്. കാസർഗോഡ് സ്വദേശിയുമായി അടുപ്പം സ്ഥാപിച്ച യുവതി ഇയാളെ കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയും തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വച്ച്‌ യുവാവിന്‍റെ പണവും മൊബൈല്‍ ഫോണും യുവതിയും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് തട്ടിയെടുത്തു.
കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് അനീഷ ബന്ധം സ്ഥാപിച്ചത്. കോഴിക്കോട് വന്നാൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് യുവതി പരാതിക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനി ഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്തു.

ഇതോടെ യുവാവ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നൽകുകയായിരുന്നു. മുൻപ് എന്‍ ഡി പി എസ് കേസില്‍ അറസ്റ്റിലായ പ്രതികൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ജയശ്രീ, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post