കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നവീകരണം 17 മുതൽ

കൂരാച്ചുണ്ട്:കക്കയത്ത് കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഒന്നാം ഘട്ടത്തിന്റെ നവീകരണ, ആധുനികവൽക്കരണ, ശേഷി വർധിപ്പിക്കൽ പ്രവൃത്തിക്ക് തുടക്കമാകുന്നു. 17ന് ഉച്ചയ്ക്ക് 12ന് കക്കയം ജിഎൽപി സ്കൂളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. കെ.എം.സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തും.1972ൽ കമ്മിഷൻ ചെയ്ത ഒന്നാം ഘട്ട പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 മെഷീനുകൾ മാറ്റി സ്ഥാപിച്ച് ആധുനികവൽക്കരിക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
മെഷീൻ നവീകരണത്തിനൊപ്പം 10% ഉൽപാദന ശേഷി വർധിക്കുന്നതോടെ 7.5 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദനവും സാധ്യമാകും. കക്കയം ജലവൈദ്യുതി പദ്ധതിയുടെ ഉൽപാദനം നിലവിലുള്ള 231.75 മെഗാവാട്ടിൽ നിന്നും 239.25 മെഗാവാട്ടായി വർധിക്കും. ഒന്നാംഘട്ട പദ്ധതിയിൽ 1972ൽ ജപ്പാൻ കമ്പനിയായ ഫുജി നിർമിച്ച മെഷീനുകൾ 50 വർഷം പൂർത്തിയാക്കുകയാണ്. ജലവൈദ്യുത നിലയങ്ങളുടെ ഉപയോഗപ്രദമായ ആയുസ്സ് 35 വർഷം ആയതിനാൽ കാലാവധി കഴിഞ്ഞ മെഷീനുകൾ മാറ്റാനാണ് ലക്ഷ്യമിടുന്നത്.ജനറേറ്റർ, അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോ മെക്കാനിക്കൽ ജോലി, പുതിയ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കൽ എന്നിവയ്ക്കായി 327 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

ഇതിൽ 150 കോടി രൂപയ്ക്ക് പെൻസ്റ്റോക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി മാറ്റിവച്ചിരിക്കുകയാണ്.ഇലക്ട്രോ മെക്കാനിക് ജോലികളുടെ കരാർ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് ഏറ്റെടുത്തത്. പ്രധാന കൺട്രോൾ റൂം മാറ്റി സ്ഥാപിച്ച് ആധുനികവൽക്കരിക്കും. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി ടെൽക്കിനാണു നൽകിയിരിക്കുന്നത്. സ്വിച്ച്‌ യാഡ് ഉപകരണങ്ങളുടെ നവീകരണം കെഎസ്ഇബി വകുപ്പ് തലത്തിൽ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post