അമിതഭാരം കയറ്റി വരുന്ന ലോറികളെ താമരശ്ശേരി ചുരത്തില്‍ നിയന്ത്രിക്കണം: വയനാട് കളക്ടര്‍


കല്‍പ്പറ്റ: വയനാട്ടിലേക്ക് എത്തുന്ന താമരശ്ശേരി ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വയനാട് കളക്ടര്‍ എ. ഗീത. കഴിഞ്ഞ മാസം ചുരത്തില്‍ കല്ല് വീണ് ബൈക്ക് യാത്രികന്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചുരം സുരക്ഷിതമല്ലെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കളക്ടറുടെ അഭിപ്രായപ്രകടനം. നിഷ്‌കര്‍ഷിച്ചതിലും അമിതമായി ഭാരം കയറ്റിയുള്ള ലോറികളുടെ ഇടതടവില്ലാത്ത സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വയനാട് ചുരം എന്നാണ് പൊതുവില്‍ പറയുന്നതെങ്കിലും അത് വയനാട് കലക്ടറുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. നിര്‍ണായക ഘട്ടങ്ങളില്‍ നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് അതുകൊണ്ടുതന്നെ പരിമിതിയുണ്ട്-കളക്ടര്‍ പറഞ്ഞു.
പൊലീസിന്റെ ഇടപെടല്‍ അടക്കം കോഴിക്കോട് ജില്ലയില്‍ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങള്‍ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമന്‍ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും കലക്ടര്‍ പറഞ്ഞു.

ഒരു സമയ നിയന്ത്രണം പോലുമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കോഴിക്കോട്ട് കലക്ടറുമായി കൂടിയാലോചിക്കും. എത്രത്തോളം നിയന്ത്രിക്കാനാവുമെന്നറിയില്ല. രാത്രി മാത്രം വിട്ടാലും അതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ബന്ധപ്പെട്ട അധികൃതരുമായും പൊലീസുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ചുരത്തില്‍ ഈയിലെ പാറക്കല്ല് ഇളകിവീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ചുരത്തിന്റെ സുരക്ഷയില്ലായ്മയിലേക്കുള്ള ഗുരുതര സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ചുരത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന കൂറ്റന്‍ ടോറസുകളും ടിപ്പറുകളും ചുരത്തിന്റെ ബലക്ഷയത്തിന് വഴിയൊരുക്കുന്നുവെന്ന ആശങ്ക ഏറെക്കാലമായി പലരും ഉയര്‍ത്തുന്നുണ്ട്. എന്നിട്ടും അധികൃതര്‍ ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.തുടക്കത്തില്‍ വാഹനങ്ങളില്‍ ഓവര്‍ ലോഡ് അടക്കം പരമാവധി 25 ടണ്‍ ഭാരമുള്ള ടിപ്പറുകളായിരുന്നു വയനാട്ടിലേക്ക് ലോഡ് എത്തിച്ചിരുന്നത്.


മള്‍ട്ടി ആക്‌സില്‍ ടിപ്പറുകള്‍ കടന്നുവന്നതോടുകൂടി ഓവര്‍ലോഡ് അടക്കം 50 ടണ്ണിലധികം ലോഡുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന വയനാട് ചുരം കയറുന്നത്. ഒരുവിധ സമയക്രമവും ബാധകമല്ലാതെ, അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയ നിര്‍ബാധം സഞ്ചരിക്കുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ സംരക്ഷകരാവുകയാണെന്നാണ് വിവിധ കോണുകളില്‍നിന്നുള്ള ആരോപണം. അതേ സമയം ചുരത്തില്‍ കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) കോഴിക്കോട് ഡിവിഷന്‍ അധികൃതര്‍ ചീഫ് എഞ്ചിനീയര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Post a Comment

Previous Post Next Post