കാർഷിക വിളകളിൽ നിന്ന് മൂല്യവർധിത ഭക്ഷ്യോൽപന്നം; മലബാറിലെ ആദ്യ വിപണന കേന്ദ്രം കോഴിക്കോട്ട്


കോഴിക്കോട്: കാർഷിക ഉൽപന്നങ്ങളിൽ നിന്നു മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന മലബാറിലെ ആദ്യ വിപണന കേന്ദ്രം കോഴിക്കോട്ട് തുറക്കുന്നു. കേന്ദ്ര സർക്കാരിന്റെയും നബാർഡിന്റെയും സഹകരണത്തോടെയും സ്വതന്ത്രമായും സംസ്ഥാനത്തു പ്രവർത്തിക്കുന്ന 250 ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനികളിൽ നിന്നുള്ള 30 കമ്പനികളുടെ കൂട്ടായ്മയിൽ രൂപീകരിച്ച വ്യാപാര ശാലയാണു വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ തുറക്കുന്നത്. മലബാറിൽ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനികൾ രൂപീകരിച്ച 'ഫാർമേഴ്സ് കൺസോർഷ്യം' ബുധനാഴ്ച വേങ്ങേരിയിൽ പ്രവർത്തനം തുടങ്ങും.
കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകളിൽ നിന്നും മൂല്യവർധിതമായി ഉൽപാദിപ്പിച്ചെടുത്ത വിവിധ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപനയുമാണ് ഈ കേന്ദ്രത്തിൽ ഉണ്ടാകുക. തേങ്ങാപ്പാൽ, നീര, വെന്ത വെളിച്ചെണ്ണ തുടങ്ങി നാളികേരത്തിൽ നിന്നുള്ള 18 പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. 10 തരം ചക്ക ഉൽപന്നങ്ങൾ ലഭ്യമാകും. കൂടാതെ മലയോര മേഖലയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങൾ, തേൻ, മലപ്പുറത്തിന്റെ കുടംപുളി, വയനാടൻ ഗ്രീൻ ടീ, ലോക ഭൗമ സൂചികയിൽ ഇടംപിടിച്ച തിരൂർ വെറ്റില തുടങ്ങിയവയും പരിചയപ്പെടുത്തും.


പൊതുജനങ്ങൾക്ക് മൊത്തമായും ചില്ലറയായും സാധനങ്ങൾ വാങ്ങാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു പ്രവർത്തനം. കൂടാതെ ആഴ്ചച്ചന്തകളും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. 2012 മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ പുതുതായി ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനികൾ രൂപീകരിക്കുന്നത് സർക്കാരിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിന്റെ കീഴിലാണെന്നു 'ഫാർമേഴ്സ് കൺസോർഷ്യം' പ്രസിഡന്റ് സാബു പാലാട്ടിലും സെക്രട്ടറി സി.വി.ഷിബുവും പറഞ്ഞു.

Post a Comment

Previous Post Next Post