മൂടൽമഞ്ഞ്: ഇന്ന് കോഴിക്കോട്ടേക്കുള്ള 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 
കരിപ്പൂർ,:കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 5 വിമാനങ്ങൾ ശക്തമായ മൂടൽമഞ്ഞിനെത്തുടർന്നു‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. വിവിധ ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ വലഞ്ഞു. പൈലറ്റിനു റൺവേ കാണാൻ സാധിക്കാത്തതിനെത്തുടർന്നാണ് വിമാനങ്ങളുടെ തിരിച്ചുവിട്ടത്.

എയർ അറേബ്യയുടെ ഷാർജ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളും എയർ ഇന്ത്യയുടെ ഷാർജയിൽനിന്നുള്ള വിമാനവും കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനം കൊച്ചിയിലേക്കും അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിലേക്കും തിരിച്ചുവിട്ടു.ഇന്നലെ പുലർച്ചെ മൂന്നരയ്ക്കും രാവിലെ ആറരയ്ക്കും ഇറങ്ങേണ്ടതായിരുന്നു ഈ വിമാനങ്ങൾ.
ഇവ രാവിലെ 8.25നും 9.52നും ഇടയിൽ തിരിച്ചെത്തി തുടർസർവീസുകൾ നടത്തി. ചില വിമാനങ്ങളിലെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി.അതേസമയം, മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിട്ടും യഥാസമയം പലർക്കും ഭക്ഷണം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പുലർച്ചെ ഒന്നുമുതൽ വിമാനത്താവളത്തിൽ എത്തിയവരുണ്ടെന്നും ഇന്നലെ ഉച്ചവരെ ഭക്ഷണം ലഭിക്കാതെ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ ഏറെ വിഷമിച്ചെന്നും എയർ അറേബ്യ വിമാനത്തിൽ അബുദാബിയിലേക്കു പോകേണ്ട യാത്രക്കാരൻ പറഞ്ഞു.

Post a Comment

Previous Post Next Post