കടലേറ്റത്തെത്തുടർന്ന് ബേപ്പൂരിൽ ഫ്ലോട്ടിങ്‌ ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തി

പ്രവർത്തനം നിർത്തിവെച്ച ഫ്ലോട്ടിങ്‌ ബ്രിഡ്ജ്‌ ബേപ്പൂർ കടൽക്കരയിൽ

ബേപ്പൂർ : ബേപ്പൂർ മറീനയ്ക്കരികെ കടലിലെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ്‌ പ്രവർത്തനത്തിന്‌ കടലേറ്റത്തെത്തുടർന്ന്‌ വിരാമം. പാലം കടൽക്കരയിൽ കയറ്റിയിരിക്കുകയാണ്‌. സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ്‌ കടലിലൊഴുകുന്നപാലം സജ്ജമാക്കാൻ യുവസംരംഭകരുടെ സ്ഥാപനമായ തൃശ്ശൂരിലെ ‘ക്യാപ്‌ചർ ഡെയ്‌സ്‌’ ബേപ്പൂരിലെത്തിയത്‌. സ്ഥാപനത്തിന്റെ പങ്കാളികളായ നിഖിൽ, റോബിൻ, ആൽവിൻ, വിഷ്ണുദാസ്‌ എന്നിവർചേർന്ന്‌ ‘ഫ്ലോട്ടിങ്‌ ബ്രിഡ്ജ്‌’ കഷണങ്ങളാക്കി ട്രക്കിൽ എത്തിക്കുകയായിരുന്നു. ബേപ്പൂർ കടൽക്കരയിൽ ഉണ്ടാക്കിയ പവിലിയന്‌ അഭിമുഖമായി പാലം കഷണങ്ങൾ സംയോജിപ്പിച്ച്‌ കടലിലിറക്കിയതോടെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 
പ്രതികൂലകാലാവസ്ഥയിൽ കടലേറ്റം കൂടിയതിനാലും തുറമുഖവകുപ്പുമായുള്ള ‘ക്യാപ്‌ചർ ഡെയ്‌സി’ന്റെ കരാർ 15-ന്‌ അവസാനിക്കുന്നതിനാലുമാണ്‌ ‘ഫ്ലോട്ടിങ്‌ ബ്രിഡ്ജ്‌’ പ്രവർത്തനം അവസാനിപ്പിച്ചതെന്ന്‌ കമ്പനി പാർട്ണർ നിഖിൽ പറഞ്ഞു. വിഷു, ഈസ്റ്റർ, പെരുന്നാൾ ദിനങ്ങളിലൊക്കെ കടലേറ്റമുണ്ടായതിനാൽ ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിരുന്നു. 20,000 പേരെങ്കിലും ഇതിനകം പാലം കയറിയിറങ്ങിയിട്ടുണ്ട്‌. ഇനി കോഴിക്കോട്‌ ബീച്ചിൽ ഈ ‘ഫ്ലോട്ടിങ്‌ ബ്രിഡ്ജ്‌’ കാലവർഷം കഴിയുന്നതോടെ പ്രവർത്തനം ആരംഭിക്കാൻ ആലോചനയുണ്ടെന്ന്‌ നിഖിൽ പറഞ്ഞു.

Post a Comment

Previous Post Next Post