വൈദ്യുതിക്ഷാമം മറികടക്കാൻ കെഎസ്ഇബി; നല്ലളം താപവൈദ്യുതി നിലയത്തിൽ ഉടൻ ഉത്പാദനം തുടങ്ങും

കോഴിക്കോട് നല്ലളം ഡീസൽ പ്ലാൻറ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിയുടെ കുറവ് പരിഹരിക്കാൻ തിരിക്കിട്ട നീക്കം. കോഴിക്കോട് നല്ലളം ഡീസൽ പ്ലാൻറ് പ്രവർത്തിപ്പിച്ചും ആന്ധ്രയിലെ കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിട്ടും പ്രതിസന്ധി തീർക്കാനാണ് സർക്കാർ ശ്രമം. ഇന്നും വൈകീട്ട് ആറരക്കും പതിനൊന്നരക്കും ഇടയിൽ 15 മിനുട്ട് നിയന്ത്രണമുണ്ടാകും. നാളെ ഈ സാഹചര്യം ഒഴിവാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്.
കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിൻറെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിൻറെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിൻറെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.


ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷെ ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെഎസ്ഇബി ആലോചിക്കുന്നുണ്ട്. രാജ്യത്തെ കൽക്കരി പ്രതിസന്ധി ഒക്ടോബർ വരെ നീളാനുള്ള സാധ്യത എന്നത് മുന്നിൽകണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം എന്നാണ് ഔദ്യോഗിക അറിയിപ്പ് . ആശുപത്രികളെയും നഗരപ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങളിലടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതലുണ്ടെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്.

Post a Comment

Previous Post Next Post