പടനിലം പുതിയ പാലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു

കുന്ദമംഗലം: പടനിലം പാലത്തിൽ ആദ്യം കയറുന്ന വാഹനത്തിനാണ് മുൻഗണന. രണ്ടറ്റത്ത് നിന്നും ഒരേസമയത്ത് രണ്ട് വാഹനങ്ങൾ കയറിയാൽ പിന്നെ വാക്ക് തർക്കമായി. പാലത്തിൽ ആദ്യം കയറിയത് ഞാനാണെന്ന് പറഞ്ഞ് ഡ്രൈവർമാർ കൊമ്പ്കോർക്കും. അതോടെ ഗതാഗതക്കുരുക്കുമായി. അവസാനം സ്ഥിതി ശാന്തമാകണമെങ്കിൽ ആരെങ്കിലും ഒരാൾ തോറ്റുനൽകുക തന്നെ വേണം. വർഷങ്ങളായി ഇതാണ് പടനിലം പാലത്തിലെ കാഴ്ച.
കുന്ദമംഗലം -മടവൂർ പഞ്ചായത്തുകളെ യോജിപ്പിച്ചുകൊണ്ട് പടനിലം -നന്മണ്ട റോഡിൽ പൂനൂർ പുഴയിലാണ് ഈ പാലം. വീതികുറവായതിനാൽ കാൽനടയാത്രക്കാർ വളരെ സൂക്ഷിച്ചുവേണം പാലം കടക്കാൻ.


53 വർഷം കാലപ്പഴക്കമുള്ള പാലത്തിന്റെ കാലുകൾക്ക് വിള്ളൽ സംഭവിച്ചതായി നാട്ടുകാരും ജനപ്രതിനിധികളും പരാതിപ്പെട്ടിരുന്നു. പുതിയ പാലം നിർമ്മിക്കുന്നതിന് 5 കോടി രൂപയുടെയും പാലത്തിന് സ്ഥലം ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും ഭരണാനുമതി നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും പാലത്തിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.

1969 സപ്തംബർ 27 നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ ദിവാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.


ആരാമ്പ്രം ഗവ.യു.പി സ്കൂൾ, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പടനിലം, പതിമംഗലം, കളരിക്കണ്ടി ഭാഗങ്ങളിൽനിന്ന് ദിവസേന നൂറുകണക്കിന് കു.ട്ടികൾ കാൽനടയായി കടന്നുപോകുന്ന ഒരു പാലമാണിത്. മടവൂരിലെ പ്രസിദ്ധമായ സിഎം മഖാം തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പുതിയ പാലം നിർമ്മിക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.

അനുവദിച്ചത്
  • പാലം നിർമ്മാണം - 5 കോടി
  • സ്ഥലമേറ്റെടുക്കൽ - 50 ലക്ഷം

Post a Comment

Previous Post Next Post