കനാൽസിറ്റി പദ്ധതി: സർവേ മേയിൽ പൂർത്തിയാകും


കോഴിക്കോട് : കനോലി കനാലിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കനാൽസിറ്റി പദ്ധതിയുടെ സർവേ മേയിൽ പൂർത്തിയാക്കാൻ ശ്രമം. ജൂണിൽ മഴ തുടങ്ങുംമുമ്പേ സർവേ പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടക്കാൻപറ്റുന്ന രീതിയിലാണ് പ്രവർത്തനം.

Read alsoകനോലി കനാൽ വികസനം: 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

സർവേക്കുശേഷം പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കും. ടോപോഗ്രാഫിക്കൽ സർവേ, വാട്ടർ ബാലൻസ്, നിലവിലുള്ള കനാലിന്റെ അതിർത്തി രേഖപ്പെടുത്തൽ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സർവേ. കനാലിന്റെ ആഴം, വീതി, പ്രദേശം തുടങ്ങിയ കാര്യങ്ങൾ ടോപോഗ്രാഫിക്കൽ സർവേയിൽ രേഖപ്പെടുത്തും. കനാലിലെ മണ്ണ് പരിശോധനയും നടത്തുന്നുണ്ട്. ഇത് അടുത്തയാഴ്ചയോടെ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.


ക്വില്ലിന്റെ (കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്) നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സാധ്യതാപഠനം നടത്തുന്നതും ഡിസൈൻ തയ്യാറാക്കുന്നതും ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ്. 1118 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ആറുമാസംകൊണ്ട് ലീ അസോസിയേറ്റ്‌സ് പഠനം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ആദ്യപടിയായാണ് സർവേ നടത്തുന്നത്. മേയ് അവസാനത്തോടെ പൂർത്തിയാകും.

കനാലിന്റെയും പ്രദേശത്തിന്റെയും വികസനവും ടൂറിസം-ഗതാഗത സാധ്യതകളും തുറക്കുന്നതാണ് പദ്ധതി. ചരക്കുഗതാഗതവും ഹൗസ് ബോട്ടുൾപ്പെടുന്ന ടൂറിസവുമെല്ലാം എത്രത്തോളം പ്രായോഗികമാണെന്ന് പഠനത്തിലൂടെ മനസ്സിലാകുമെന്നാണ് കരുതുന്നത്.


പദ്ധതി നടപ്പായാൽ റോഡ്-പാലം വികസനവും തൊഴിലവസരവുമുൾപ്പെടെയുള്ള സമഗ്രമാറ്റമാണ് ഉണ്ടാവുകയെന്നാണ് അധികൃതർ പറയുന്നത്.

Post a Comment

Previous Post Next Post