കോഴിക്കോട് ബീച്ച്: ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് ആകും



കോഴിക്കോട്: സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ‘ഫുഡ് ഹബ്ബാ’ക്കി കോഴിക്കോട് ബീച്ചിനെ മാറ്റാനാണ് ശ്രമം. ഇതിനായി കോർപ്പറേഷൻ ഓഫീസ് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗം ‘ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി മാറ്റുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത്. 



കോർപ്പറേഷൻ ഓഫീസ് മുതൽ ലയൺസ് പാർക്ക് വരെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന 76 തട്ടുകടകളാണുള്ളത്. ഗുണമേന്മയുള്ള ശുദ്ധമായ ഭക്ഷണം നൽകാൻ മികച്ച അടിസ്ഥാന സൗകര്യംകൂടി ആവശ്യമാണ്. അതിന് ബീച്ചിലെ തട്ടുകടകളിലെ സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിക്കണം. ജില്ലാഭരണകൂടം, വിവിധവകുപ്പുകൾ എന്നിവയുമെല്ലാമായി സംയോജിപ്പിച്ച് ക്ലീൻസ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. പല ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് ഈ തലത്തിലേക്ക് ഉയർത്തുക. തട്ടുകടകളിൽ ഉപയോഗിക്കുന്ന ഐസിനുമുകളിൽ വെള്ളത്തുണി മാത്രമേ ഉപയോഗിക്കാവൂ. തുടയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ഉപയോഗിക്കുന്ന തുണി വൃത്തിയായി സൂക്ഷിക്കാനുള്ള ഇടം വേണം. ഇത്തരത്തിലുള്ള പല മാനദണ്ഡങ്ങളും പാലിച്ചാണ് തട്ടുകടകൾ പ്രവർത്തിക്കേണ്ടത്.

ബീച്ചിൽ മാലിന്യനിക്ഷേപത്തിന് കൃത്യമായ ഇടമില്ല. നിലവിൽ കുടിവെള്ളം ശേഖരിക്കാൻപോലും കൃത്യമായ സംവിധാനം ഇല്ല. ഇതിന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതുപോലെ വിവിധരീതിയിൽ സൗകര്യങ്ങൾ ഒരുക്കും. ഈ മേഖലയിലെ തട്ടുകടകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ കെ. അനിൽ പറഞ്ഞു.

ക്ലീൻസ്ട്രീറ്റ് ഫുഡ് ഹബ്ബിന്റെ ഭാഗമായി പ്രദേശത്തെ തട്ടുകടക്കാർക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനം നൽകി. തട്ടുകടകളിൽ എങ്ങനെ ഭക്ഷണം കൈകാര്യം ചെയ്യണം, എന്തുകൊണ്ട് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തട്ടുകടക്കാർക്ക് ബോധവത്‌കരണം നൽകി. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ കെ. അനിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് ഭക്ഷ്യസുരക്ഷാ ഓഫീസർ വിഷ്ണു എസ്. ഷാജി, ബിനു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post