മെഡിക്കൽ കോളേജ് റാഗിങ്; രണ്ട് പി.ജി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു



കോഴിക്കോട്: ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ മെഡിക്കൽ കോളജ് റാഗിങിനെത്തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നെന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി ഒന്നാം ബാച്ച് വിദ്യാർഥിയുടെ പരാതിയിൽ രണ്ട് പി.ജി. ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ആന്റി റാഗിങ് കമ്മിറ്റി മാർച്ച് എട്ടിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഒന്നാം ബാച്ച് പി.ജി വിദ്യാർഥി ഹരിഹരൻ, രണ്ടാം ബാച്ച് പി.ജി വിദ്യാർഥി മുഹമ്മദ് സാജിദ് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ.

2021 ബാച്ച് ഓർത്തോ വിഭാഗം പി.ജി വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ ഡോ.ജിതിൻ ജോയ് ഫെബ്രുവരി രണ്ടാം വാരത്തിലാണ് കോളജ് പ്രിൻസിപ്പലിന് പരാതി നൽകിയത്. റാഗിങ്ങിനെ തുടർന്ന് പരാതിക്കാരനായ ജിതിൻ മെഡിക്കൽ കോളജിൽ നിന്ന് ടി.സി. വാങ്ങി തിരുവനന്തപുരത്തുള്ള സ്ഥാപനത്തിൽ മറ്റൊരു കോഴ്‌സിന് ചേർന്നിരുന്നു. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നായിരുന്നു പഠനം അവസാനിപ്പിച്ചത്. മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാൻ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാത്രി ഉറങ്ങാൻ സമ്മതിക്കാതെ വാർഡുകളിൽ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനഃപൂർവം ഡ്യൂട്ടികളിൽ മറ്റുള്ളവർ വൈകിയെത്തി തനിക്ക് ജോലി ഭാരമുണ്ടാക്കി എന്നിങ്ങനെയാണ് ജിതിൻ പ്രിൻസിപ്പലിന് നൽകിയ പരാതിയിലുള്ളത്.


വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസാരവത്ക്കരിച്ചെന്നും ജിതിൻ പറയുന്നു. ഇതിന് ശേഷം ജിതിൻ കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം അവസാനിപ്പിച്ച് മറ്റൊരു കോളേജിൽ പഠനം തുടങ്ങിയ ശേഷമാണ് പ്രിൻസിപ്പലിന് നേരിട്ട് പരാതി നൽകിയത്. പ്രിൻസിപ്പൽ പരാതി പൊലിസിന് കൈമാറിയിരുന്നതായും കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ജിതിൻ അറിയിച്ചതിനാൽ കേസെടുത്തില്ലെന്നും മെഡിക്കൽ കോളജ് പൊലിസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post