കോഴിക്കോട് മെഡി. കോളജിൽ വീണ്ടും റാഗിംങ്ങ്; 17 രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്ക് സസ്പെൻഷന്‍


കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംങ്ങ് പരാതിയിൽ നടപടിയായി പതിനേഴ് രണ്ടാം വർഷ വിദ്യാർത്ഥികളെ 2 ആഴ്ചത്തേക്ക് സസ്പെൻ്റ് ചെയ്തു. അധ്യാപകരുടെ പരാതിയിലാണ് അന്വേഷണം നടന്നത്.

ഈ മാസം 15 നാണ് സംഭവം. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തില് വകുപ്പുമേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗത്തിലാണ് നടപടി സ്വീകരിച്ചത്.


നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംഗിനെ തുടർന്ന് മെഡിക്കൽ പി ജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ പി ജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍ തനിക്ക് ഇതേ വിഭാഗത്തില്‍ തന്നെയുളള സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറയുന്നു. രാത്രി ഉറങ്ങാൻ അനുവദിക്കാതെ വാർഡിൽ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസത്തോളം ഭക്ഷണം പോലും കഴിക്കാൻ പോലും കഴിഞ്ഞില്ല. പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായതുമില്ല. ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിൻസിപ്പലിന് പരാതി കൊടുത്തത്.


ജിതിന്‍റെ പരാതിയിൽ ആന്‍റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയർ വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവരെ സസ്പെന്‍റ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഓര്‍ത്തോ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളായ ഡോ. മുഹമ്മദ് സാജിദ് ഡോ. ഹരിഹരൻ എന്നിവരെയാണ് ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയതത്. അതേസമയം സംഭവം പ്രിൻസിപ്പൽ പൊലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് നടപടിയിൽ താൽപ്പര്യമില്ല എന്ന ജിതിന്‍റെ നിലപാടിനെ തുടർന്ന് കേസ് എടുത്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ച ജിതിൻ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്.

പരാതിയെ തുടർന്ന് രണ്ട് സീനിയർ വിദ്യാർത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് ആക്റ്റിലെ സെക്ഷൻ 4 അനുസരിച്ചാണ് കേസെടുത്തത്. എല്ലുരോഗ വിഭാഗം പി ജി വിദ്യാർത്ഥികൾ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Post a Comment

Previous Post Next Post