മലബാറിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ഫാം ടു മലബാർ പദ്ധതി


കോഴിക്കോട് : മലബാറിന്റെ ടൂറിസംസാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ ‘ഫാം ടു മലബാർ 500’ പദ്ധതി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ഞൂറു ടൂർ ഓപ്പറേറ്റർമാരെ ആറുമാസത്തിനകം മലബാറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിക്കുന്നതാണ് സംസ്ഥാന ടൂറിസംവകുപ്പ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, കെ.എസ്.എ. ടൂർസ് എന്നിവർചേർന്ന് നടത്തുന്ന പദ്ധതി. കൂടുതൽ അറിയപ്പെടാത്ത ടൂറിസംസാധ്യതയുള്ള സ്ഥലങ്ങളെയാണ് പരിചയപ്പെടുത്തുക. പദ്ധതിയുടെ ഭാഗമായി നാൽപ്പതംഗ ടൂർ ഓപ്പറേറ്റർമാരുടെ സംഘം കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തി.

ആയുഷ് അംഗീകാരമുള്ള വെൽനസ് സെൻററായ താമരശ്ശേരി ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിന്റെ ജില്ലയിലെ ആദ്യ സന്ദർശനസ്ഥലം. ടൈഗ്രീസ് വാലി ചെയർമാൻ ഡോ. മുഹമ്മദ് ഷെരീഫ്, സി.ഇ.ഒ. റോമിയോ ജസ്റ്റിൻ തുടങ്ങിയവർചേർന്ന് സംഘത്തെ സ്വീകരിച്ചു. തുടർന്ന് കോഴിക്കോട് ബീച്ച്, പുതിയാപ്പ ഫിഷ് ഹാർബർ, സി.വി.എൻ. കളരിസംഘം, ബേപ്പൂർ ഉരുനിർമാണകേന്ദ്രം തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദർശിച്ചു.

കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തുനുശേഷമാണ് സംഘം കോഴിക്കോട്ടെത്തിയത്. കണ്ണൂരിൽ അറക്കൽ കൊട്ടാരം, മുഴിപ്പിലങ്ങാട് ബീച്ച്, പെരളശ്ശേരി അമ്പലം, കണയാർ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ട്, ആദിവാസികേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സംഘം കണ്ടു.




ഹെൽത്ത്, വെൽനസ് ടൂറിസം വികസിക്കാനുള്ള സാഹചര്യങ്ങൾ മലബാറിൽ വളരുന്നുണ്ടെന്ന് കെ.എസ്.എ. ടൂർസ് മാനേജിങ് ഡയറക്ടർ കെ.എം. ഷംസുദ്ദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്ക് വലിയ ടൂറിസം സാധ്യതയുണ്ടെന്ന് പര്യടനസംഘത്തിലെ തമിഴ്നാട് ടൂറിസം അഡ്വൈസറിബോർഡ് അംഗം വി.കെ.ടി. ബാലൻ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post