ബാലുശ്ശേരി ഫയർസ്റ്റേഷൻ; പ്രതീക്ഷയോടെ ബജറ്റ് പ്രഖ്യാപനത്തിൽ കണ്ണും നട്ട് നാട്ടുകാർ



ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സാധ്യതയേറുന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വേനൽകാലത്ത് അടിക്കടി തീപിടിത്തമുണ്ടാകുന്ന കിനാലൂർ, കിനാലൂർ എസ്റ്റേറ്റ്, തലയാട്, കക്കയം പ്രദേശങ്ങളിലേക്ക് തീ കെടുത്താനായി ഫയർ എൻജിനുകൾ കിലോമീറ്റർ ദൂരത്തുനിന്നു വേണം എത്തിപ്പെടാൻ. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷൻ നിലവിലുണ്ടെങ്കിലും അടിയന്തര ഘട്ടങ്ങളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. കിനാലൂർ വ്യവസായ വികസന കേന്ദ്രം സ്ഥലത്തുതന്നെ ഇപ്പോൾ ഒട്ടനവധി ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ബാലുശ്ശേരി കേന്ദ്രമായി ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം അനിവാര്യമായി തീർന്നത്. അടുത്ത മാസം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ജില്ലയിൽനിന്നുള്ള പുതിയ പദ്ധതികളിലൊന്നു ബാലുശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നതാണ്. ബാലുശ്ശേരിക്കൊപ്പം മാവൂരിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന പദ്ധതിയുണ്ട്. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാനായി പനങ്ങാട് പഞ്ചായത്ത് 50 സെന്റ് സ്ഥലം മഞ്ഞപ്പുഴയുടെ തീരത്ത് മരപ്പാലം ഭാഗത്ത് നൽകാനായി തീരുമാനിച്ചിരുന്നു. നിർമ്മല്ലൂരിലും സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ബജറ്റിലൊന്നും തന്നെ ഇതിനായി ഫണ്ട് നീക്കിവെക്കുകയോ പ്രഖ്യാപനമോ ഉണ്ടായില്ല. രണ്ടു മാസം മുമ്പ് ഫയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥർ പനങ്ങാട് പഞ്ചായത്തിൽ എത്തി സ്ഥലം ലഭ്യമാകുമോ എന്ന കാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച ചെയ്തിരുന്നു. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


Post a Comment

Previous Post Next Post