കോഴിക്കോട് ഐ.ഐ.എമ്മില്‍ മാനേജ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാം


കോഴിക്കോട്:മാനേജ്മെന്റ് ഡോക്ടറൽ (പിഎച്ച്.ഡി.) പ്രോഗ്രാം പ്രവേശനത്തിന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ് അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്് എന്നീ സവിശേഷമേഖലകളിലാണ് ഗവേഷണ അവസരം. പ്രതിമാസം 35,000 രൂപമുതൽ 40,000 രൂപവരെയുള്ള സ്റ്റൈപ്പെൻഡ്, നാലുവർഷത്തേക്ക് 1,20,000 രൂപ കണ്ടിജൻസി ഗ്രാന്റ്്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

അപേക്ഷകർക്ക് മാസ്റ്റേഴ്സ് ബിരുദമോ രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ വേണം. ബിരുദവും, സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്. പ്രൊഫഷണൽ യോഗ്യതയും ഉള്ളവർ, ബി.ടെക്./നാലുവർഷ ബിരുദമുള്ളവർ എന്നിവർക്കും അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു (ഐ.ഐ.എം.ബി.) ഫെബ്രുവരി ആറിന് നടത്തുന്ന ഓൺലൈൻ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ജനുവരി 25ന് മൂന്നുവർഷത്തിനകമുള്ള നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റിലെ സാധുവായ യോഗ്യത/സ്കോർ ഉള്ളവരെ ഈ ടെസ്റ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ www.iimk.ac.in വഴി ജനുവരി 25 വരെ നൽകാം.


Post a Comment

Previous Post Next Post