കനാൽ സിറ്റി പദ്ധതി: ലീ അസോസിയേറ്റ്‌സ് സാധ്യതാപഠനം നടത്തും


കോഴിക്കോട്: കനോലി കനാലിന്റെയും നഗരത്തിന്റെയും സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കോഴിക്കോട് കനാൽ സിറ്റി പദ്ധതിയുടെ സാധ്യതാപഠനത്തിന് ഏജൻസിയായി. ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ് കോഴിക്കോടെത്തി പഠനം നടത്തുക.

ക്വില്ലിന്റെ (കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്) നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് പഠിക്കാൻ ആഗോള ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ടെൻഡർ വിളിച്ചപ്പോൾ പത്തിലേറെ കമ്പനികൾ മുന്നോട്ടുവന്നു.

ഇതിൽനിന്നാണ് ലീ അസോസിയേറ്റ്‌സിനെ തിരഞ്ഞെടുത്തത്. എൻജിനിയറിങ്-ആസൂത്രണമേഖലയിൽ പല രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലീ അസോസിയേറ്റ്‌സ് ഡൽഹി കേന്ദ്രീകരിച്ചാണ് ഇവിടെ മുന്നോട്ടുപോകുന്നത്.

ഇവരുമായുള്ള കരാർ ഒപ്പുവെക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. അതുകഴിഞ്ഞാൽ ലീ അസോസിയേറ്റ്‌സ് പ്രതിനിധികൾ കോഴിക്കോടെത്തി പഠനം തുടങ്ങും. പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യതകൾ പഠിച്ച് വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആർ.) തയ്യാറാക്കും. കനാലിലെ ചെളിനീക്കുന്ന പണി നേരത്തേ ചെയ്തിരുന്നെങ്കിലും അതൊന്നും പൂർണമായി ഫലം കണ്ടില്ല. പദ്ധതിക്കായി കനാലിന്റെ വീതി കൂട്ടേണ്ടിവരുമോ സ്ഥലമേറ്റെടുക്കണോ തുടങ്ങിയ കാര്യങ്ങൾ സാധ്യതാപഠനത്തിലൂടെയേ മനസിലാകൂ. പരമാവധിവേഗത്തിൽ മുന്നോട്ടുള്ള പ്രവർത്തനം കൊണ്ടുപോകാനാണ് ശ്രമമെന്ന് ക്വിൽ അധികൃതർ പറഞ്ഞു.

കല്ലായിമുതൽ എരഞ്ഞിക്കൽവരെ 11.2 കിലോമീറ്ററിൽ കനോലി കനാലിന്റെ വികസനവും അതിനോടുചേർന്നുള്ള റോഡുകളുടെയും പാലങ്ങളുടെയും നവീകരണവുമെല്ലാം ഉൾപ്പെടുന്നതാണ് കനാൽ സിറ്റി പദ്ധതി.

കനാലിലൂടെയുള്ള ജലപാത, കനാലിലേക്ക് മാലിന്യമൊഴുക്കുന്നത് തടയൽ, മലിനജല സംസ്കരണം, നഗരത്തിലെ വെള്ളക്കെട്ടിനുള്ള ശാശ്വതപരിഹാരം എന്നിവയും ഇവരുടെ ലക്ഷ്യങ്ങളാണ്. മിനി ബൈപ്പാസ് എലിവേറ്റഡ് ഹൈവേയാക്കുന്നതും പരിഗണനയിലുണ്ട്. കിഫ്ബിയിൽനിന്നുൾപ്പെടെ പദ്ധതിക്കായി ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post