കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റാങ്കിങ്ങ് : കോഴിക്കോട്ടെ സ്ഥാപനങ്ങൾക്കു നേട്ടം



കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റാങ്കിങ്ങിൽ കോഴിക്കോട് ഐ.ഐ.എമ്മിനും എൻ.ഐ.ടി. ആർക്കിടെക്ചർ വിഭാഗത്തിനും മുന്നേറ്റം. മാനേജ്‌മെന്റ് കോളേജുകളിൽ ഐ.ഐ.എം. രണ്ടുസ്ഥാനം മെച്ചപ്പെടുത്തി നാലാമതായി.

ആർക്കിടെക്ചർ വിഭാഗത്തിൽ കാലിക്കറ്റ് എൻ.ഐ.ടി. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് രണ്ടാമതായി. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്നു. അതേസമയം, എൻ.ഐ.ടി. എൻജിനിയറിങ് വിഭാഗം 25-ാം സ്ഥാനത്താണ്.

ഖരഗ്പുർ ഐ.ഐ.ടി.യെ പിന്തള്ളിയാണ് എൻ.ഐ.ടി. ആർക്കിടെക്ചർ വിഭാഗം റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്) മുന്നോട്ടുകുതിച്ചത്. റൂർക്കി ഐ.ഐ.ടി.യാണ് ഒന്നാമത്. രാജ്യത്തെ അഞ്ഞൂറിലേറെ വരുന്ന സ്ഥാപനങ്ങൾക്കിടയിലാണ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിന്റെ നേട്ടം. 76.5 ആണ് സ്കോർ. എൻ.ഐ.ടി. എൻജിനിയറിങ് വിഭാഗത്തിന് 56.48 ആണ് സ്കോർ. കഴിഞ്ഞവർഷം 23-ാം സ്ഥാനത്തായിരുന്നു എൻജിനിയറിങ് വിഭാഗം.

പഠനപ്രവർത്തനങ്ങൾ, കൺസൾട്ടൻസി പ്രോജക്ട്, ഗവേഷണം, ശില്പശാലകൾ തുടങ്ങി വിവിധ മേഖലകളിൽ മികച്ചപ്രകടനം കാഴ്ചവെക്കാനായതാണ് ആർക്കിടെക്ചർ വിഭാഗത്തിന് നേട്ടമായത്. കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ വിവിധ ഏജൻസികൾ, പ്രൊഫഷണൽ രംഗത്തുള്ളവർ എന്നിവരുമായി ചേർന്നുപ്രവർത്തിക്കാനും കഴിഞ്ഞു. പരിസ്ഥിതി, മാലിന്യസംസ്കരണം, ടൗൺപ്ലാനിങ് തുടങ്ങിയ രംഗങ്ങളിലെല്ലാം ഇത്തരത്തിൽ ഇടപെട്ടു. വകുപ്പിന്റെ കൂട്ടായ ഇടപെടലാണ് നേട്ടത്തിന് പിന്നിലെന്ന് വകുപ്പുതലവനായിരുന്ന പ്രൊഫ. ഡോ. പി.പി. അനിൽകുമാർ പറഞ്ഞു.

രാജ്യത്തെതന്നെ ഏറ്റവും മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.എം. ആദ്യമായാണ് നാലാമതെത്തുന്നത്. കഴിഞ്ഞവർഷത്തെ സ്കോറിനെക്കാൾ ഏറെ മുൻപന്തിയിലായാണ് ഈ നേട്ടം. 2020-ൽ 69.96 സ്കോർ നേടിയപ്പോൾ ഇത്തവണ അത് 73.34-ൽ എത്തി. കഴിഞ്ഞവർഷം ആറാമതും 2017-ൽ അഞ്ചാമതുമെത്തി. ഗവേഷണം, തൊഴിൽമേഖല എന്നിവയിലെ നേട്ടമാണ് ഐ.ഐ.എമ്മിന് മുതൽക്കൂട്ടായത്. അഹമ്മദാബാദ് ഐ.ഐ.എം. ആണ് ഒന്നാമത്.

‘‘സിൽവർജൂബിലി ആഘോഷിക്കുന്ന ഐ.ഐ.എമ്മിന് അഭിമാനമേകുന്നതാണ് ഈ നേട്ടം. അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി എല്ലാവരും നടത്തിയ ശ്രമത്തിന്റെ ഫലമാണിത്’’ -ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. അധ്യാപനം, പഠനം, വിദ്യാർഥികളുടെ പ്രകടനം, സമൂഹത്തിനു നൽകിയ സേവനങ്ങൾ, സ്ഥാപനത്തെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായം തുടങ്ങിയവയാണ് റാങ്കിങ്ങിന് പരിഗണിക്കുന്നത്.

Post a Comment

Previous Post Next Post