അഴിയൂർ-വെങ്ങളം ദേശീയപാത വികസനം: 200 കോടി രൂപ നഷ്ടപരിഹാരമായി നൽകി, വടകരയിൽ 65% പേർ രേഖകൾ കൈമാറി
വടകര: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കവെ സ്ഥലമേറ്റെടുപ്പ് നടപടികളും ഊർജിതമായി. വടകര താലൂക്കിൽ ഏതാണ്ട് 64.85 ശതമാനം പേർ നഷ്ടപരിഹാരത്തിനായി രേഖകൾ ഹാജരാക്കി. രേഖകൾ വാങ്ങാനും ഇത് പരിശോധിച്ച് നഷ്ടപരിഹാരത്തിനായി അയയ്ക്കാനും താലൂക്കിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസ് (എൽ.എ.) കോവിഡ് കാലത്തും സജീവമാണ്.

മറ്റ് സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ഇവിടെ ബാധകമല്ല. നടപടികൾ ഊർജിതമാക്കാൻ ഡെപ്യൂട്ടേഷനിൽവരെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തഹസിൽദാർ ഉൾപ്പെടെ 25- ഓളംപേർ നിലവിലുണ്ട്. ഒഴിവുദിവസങ്ങളിൽ രേഖാപരിശോധന നടക്കുന്നുണ്ട്.

മൂരാട് മുതൽ അഴിയൂർവരെയാണ് വടകര താലൂക്കിന്റെ പരിധിയിൽവരുന്നത്. ഇതിൽ മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള 2.1 കിലോമീറ്റർ ദൂരത്തെ ഭൂമി നേരത്തെ ഏറ്റെടുത്തതാണ്. ഇവിടെ പ്രവൃത്തി സജീവമാവുകയും ചെയ്തു. നടക്കുതാഴ, വടകര, ചോറോട്, ഒഞ്ചിയം, അഴിയൂർ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മൊത്തം 1895 ഭൂവുടമകളിൽനിന്നായി 9.1267 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 1229 പേർ ഇതിനകം ഭൂമിയുടെ രേഖകൾ കൈമാറി.

ഇത് പരിശോധിച്ചശേഷമാണ് നഷ്ടപരിഹാരം നൽകുക. ഈ വർഷം ജനുവരിയിൽ 500 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി താലൂക്കിൽ അനുവദിച്ചത്. ഇതിൽ 200 കോടി രൂപയോളം ഇതിനകം വിതരണം ചെയ്തുകഴിഞ്ഞതായി തഹസിൽദാർ മനോജ് കുമാർ പറഞ്ഞു. രേഖാപരിശോധനയ്ക്ക്‌ പിന്നാലെതന്നെ നഷ്ടപരിഹാരവിതരണവും മുടക്കമില്ലാതെ നടക്കുന്നുണ്ട്. നടക്കുതാഴ വില്ലേജിലെ ഭൂമി ഏതാണ്ട് പൂർണമായും ഏറ്റെടുത്തുകഴിഞ്ഞു.

അഴിയൂർ- വെങ്ങളം പാതയുടെ വികസനപ്രവൃത്തി അദാനി ഗ്രൂപ്പ് ജനുവരിയിലാണ് കരാറെടുത്തത്. പ്രവൃത്തിയുടെ മുന്നോടിയായുള്ള മണ്ണുപരിശോധന 102 കേന്ദ്രങ്ങളിൽ സജീവമായി നടക്കുന്നുണ്ട്. ഇത് കഴിയുമ്പോഴേക്കും ഭൂമി പൂർണമായും കൈമാറേണ്ടതുണ്ട്. ഇത് ലക്ഷ്യംവെച്ചാണ് കോവിഡ് കാലത്തും രേഖാപരിശോധന ഉൾപ്പെടെയുള്ളവ സജീവമായി നടക്കുന്നത്.

Post a Comment

Previous Post Next Post