പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു; പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡിജിപി



തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു. നിലവിൽ 1280 പൊലീസുകാർ ചികിത്സയിലുണ്ട്. രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോ​ഗബാധ കണ്ടെത്തിയത്. 

രോ​ഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പൊലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. രോഗവ്യാപനം ഉണ്ടായതിനാൽ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ  • എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഡിജിപി നിർദ്ദേശം നൽകി. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് യാത്രകൾക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമ ഇ-പാസിന് അപേക്ഷിക്കണം.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ഇ-പാസിന് ഇതുവരെ ഒന്നേ മുക്കാൽ ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു. 

Post a Comment

Previous Post Next Post